ന്യൂഡൽഹി: നാവികസേനയുടെ കമ്മീഷൻ ചെയ്ത പടക്കപ്പലുകളായ ഉദയ്ഗിരിയും ഹിമഗിരിയും നമ്മുടെ കടലിന്റെ അംഗരക്ഷകരാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഈ യുദ്ധക്കപ്പലുകൾ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്നും നിരവധി നൂതന സംവിധാനങ്ങളോടെയാണ് യുദ്ധക്കപ്പലുകൾ ഒരുക്കിയിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഉദയ്ഗിരിയും ഹിമഗിരിയും കമ്മീഷൻ ചെയ്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിമഗിരിയുടെയും ഉദയ്ഗിരിയുടെയും ആയുധങ്ങളും മറ്റ് സംവിധാനങ്ങളും അവയെ നമ്മുടെ കടലിന്റെ കാവൽക്കാരായി മാറ്റുന്നു. നിരവധി അത്യാധുനിക സംവിധാനങ്ങൾ യുദ്ധക്കപ്പലുകളിൽ സംയോജിപ്പിച്ചിട്ടുണ്ട്. ദീർഘദൂര സ്ട്രൈക്ക് ആയുധങ്ങൾ, സൂപ്പർസോണിക് മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, കോംബാറ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ, തീയണയ്‌ക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം യുദ്ധക്കപ്പലുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ കാലത്തെ നൂതന സാങ്കേതിവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും രാജ്നാഥ് സിംഗ് സംസാരിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ പഴയ ചിന്തകൾക്ക് സ്ഥാനമില്ല. പുതിയ വെല്ലുവിളികൾ നേരിടുകയും പുതിയ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രതിരോധ മേഖലയുടെ ഗവേഷണത്തിനും വികസനത്തിനും സർക്കാൻ മുൻഗണന നൽകുന്നുണ്ട്.
ഭാരതത്തിന് നമ്മുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കാൻ പൂർണ കഴിവുണ്ട്. ഏത് സാഹചര്യത്തിലും അതിവേഗത്തിൽ പ്രതികരിക്കാൻ രാജ്യം തയാറാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.















