ന്യൂഡൽഹി: 62 വർഷത്തെ നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം വിരമിക്കലിനൊരുങ്ങുന്നു. സെപ്റ്റംബർ 26-നാണ് മിഗ് 21 വിരമിക്കലിന് തയാറെടുക്കുന്നത്. എയർചീഫ് മാർഷൽ എ പി സിംഗായിരിക്കും അവസാനമായി മിഗ് 21 യുദ്ധവിമാനം പറത്തുക. ഛണ്ഡീഗഢ് വ്യോമതാവളത്തിൽ വച്ചാണ് വിടവാങ്ങൽ ചടങ്ങ് നടക്കുന്നത്.
1960-ൽ സർവീസിൽ ഉൾപ്പെടുത്തിയ റഷ്യൻ യുദ്ധവിമാനം ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായാണ് പ്രവർത്തിക്കുന്നത്. ഭാരതത്തിന്റെ പ്രതിരോധ മേഖലയുടെ ശക്തി പ്രകടമാക്കുന്നതിന് മിഗ് 21 നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1965-ലെയും 1971-ലെയും ഇന്ത്യ-പാക് യുദ്ധങ്ങൾ, കാർഗിൽ സംഘർഷം, 2019-ലെ ബാലകോട്ട് വ്യോമാക്രമണങ്ങൾ എന്നിവയുൾപ്പെടെ വിവിധ നിർണായക ദൗത്യങ്ങളിലും മിഗ് 21 പ്രധാന പങ്കുവഹിച്ചു.
സോവിയറ്റ് യൂണിയന്റെ മിക്കോയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനമായിരുന്നു മിഗ്-21. കൂടാതെ നിരവധി പ്രധാന യുദ്ധങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ സുപ്രധാന പങ്കാളിയായി മിഗ് മാറി.















