തൃശൂർ: ഓണത്തിനെതിരെ വർഗീയ പരാമർശവുമായി സ്കൂൾ അധ്യാപകർ. തൃശൂർ കല്ലുപ്പുറം സിറാജുൽ ഉലും സ്കൂളിലെ അധ്യാപകരാണ് ഓണത്തെ വർഗീയവൽക്കരിച്ചത്. ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നുമാണ് അധ്യാപകരുടെ വാട്സ് ആപ്പ് സന്ദേശം. ഓണം ശിർക്കാണെന്നും രക്ഷിതാക്കൾ ഈ കാര്യങ്ങൾ കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
ഓണഘോഷം എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കാതിരിക്കാൻ പ്രികെജി വിഭാഗമായ ‘തിബ്യാന്’ അവധിയാണെന്നും പറയുന്നുണ്ട്. ഇസ്ലാമിക രീതിയിലുള്ള നേഴ്സറി വിദ്യാഭ്യാസമാണ് തിബ്യാൻ. കുറച്ചു ദിവസമായി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നുണ്ടെന്നാണ് വിവരം. രണ്ട് ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
‘ ഓണം എന്നു പറയുന്നത് ഹിന്ദുമതസ്ഥരുടെ ആചാരമാണ്. നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ശിർക്കായി മാറാൻ ചാൻസ് ഉണ്ട്. അല്ലാഹുവിനോട് പങ്കു ചേർക്കുന്നതിന് തുല്യമാണിത്’, ഒരു അധ്യാപിക പറയുന്നു.
‘ കഴിഞ്ഞവർഷം വളരെ നന്നായാണ് ഓണം ആഘോഷിച്ചത്. ഈ വർഷം വളരെ മിനിമലായി ഓണം സെലിബ്രേറ്റ് ചെയ്യാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. പല മതത്തിലുള്ള മക്കളും പഠിക്കുന്ന പബ്ലിക് സ്കൂൾ ആണിത്. കെജി വിഭാഗമായ ‘തിബ്യാന്’ അന്നേദിവസം ഹോളിഡേ ആണ് അവർക്ക് ഓണത്തിന്റെ യാതൊരു സെലിബ്രേഷൻ ഉണ്ടായിരിക്കുന്നില്ല. ഇസ്ലാമിക അന്തരീക്ഷത്തിൽ നല്ലൊരു വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് ‘തിബ്യാന്’ എന്ന് പറയുന്നത് . ഓണത്തിന്റെ അടിസ്ഥാനങ്ങളിൽ ആരാധന വരുന്നുണ്ട്. ഹിന്ദുമതത്തിൽ പെട്ടവരുടെ ആരാധനയുടെ ഭാഗമാണ് ഓണം എന്ന് പറയുന്നത്. നമ്മൾ അവരുടെ ആരാധനയിൽ പങ്കെടുക്കുക, മാവേലി വേഷം കിട്ടുക, പൂക്കളം ഇടുക നമ്മൾ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ പിന്നെ മക്കൾ എന്താണ് ചെയ്യാനാണ്’ , പുറത്തുവന്ന രണ്ടാമത്തെ സന്ദേശത്തിൽ പറയുന്നു
വിഷയത്തിൽ യുവജനസംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അധ്യാപകർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. സ്കൂളിനും അധ്യാപകർക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് ശക്താമായ നടപടിയെടുക്കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്.















