ശ്രീനഗർ: മാതാ വൈഷ്ണോ ദേവി തീർത്ഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 30 പേർ മരിച്ചു. 12 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അധ്ക്വാരിയിലെ ഇന്ദർപ്രസ്ഥ ഭോജ്‌നാലയയ്‌ക്ക് സമീപം ബുധനാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജമ്മു കശ്മീരിൽ ദിവസങ്ങളായി പെയ്യുന്ന കനത്തമഴ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. ചെനാബ് നദിയിലെ ജലനിരപ്പ് ഇപ്പോഴും അപകടനിലയ്‌ക്ക് മുകളിലാണ്. നദിക്കരയിൽ കുടുങ്ങിക്കിടക്കുന്ന 5,000 പേരെ ഒഴിപ്പിക്കാൻ പ്രാദേശിക ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ജമ്മുവിലേക്കുള്ള 22 ട്രെയിനുകൾ നോർത്തേൺ റെയിൽവേ റദ്ദാക്കുകയും 27 ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു. പലയിടത്തും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. ജമ്മു കശ്മീരിലെ പല ജില്ലകളിലും ഇന്നും റെഡ് അലേർട്ടാണ്.















