തൃശൂർ: ഓണത്തിനെതിരെ വർഗീയ പരാമർശം നടത്തിയ സ്കൂൾ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. തൃശൂർ കല്ലുപ്പുറം സിറാജുൽ ഉലും സ്കൂളിലെ അധ്യാപിക ഖദീജയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുന്നംകുളം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് ഖദീജയുടെ വിവാദ ഓഡിയോ സന്ദേശം ജനം ടിവി പുറത്തുവന്നത്. ഓണം ഹിന്ദുക്കളുടെ ആഘോഷമാണ് അതിൽ മുസ്ലീം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്ക് ആകുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഓണം ഇനി വിപുലമായി ആഘോഷിക്കേണ്ടതില്ലെന്ന് സ്കൂൾ മാനേജ്മെന്റ് തീരുമാനം എടുത്തിട്ടുണ്ടെന്നും ഇതിൽ പറയുന്നുണ്ട്. സ്കൂളിലെ മുസ്ലീം കുട്ടികളുടെ മാതാപിതാക്കളുടെ ബ്രോഡ്കാസ്റ്റ് ലിസ്റ്റുണ്ടാക്കിയാണ് ഇവർ സന്ദേശം അയച്ചത്. ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നവർ തന്നെയാണ് സന്ദേശം പുറത്തുവിട്ടത്.
‘ഓണം എന്നു പറയുന്നത് ഹിന്ദുമതസ്ഥരുടെ ആചാരമാണ്. നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ശിർക്കായി മാറാൻ ചാൻസ് ഉണ്ട്. അല്ലാഹുവിനോട് പങ്കു ചേർക്കുന്നതിന് തുല്യമാണ്. കുട്ടികളോട് ഇക്കാര്യം പറഞ്ഞു മനസ്സിലാക്കണം എന്നാണ് ഖദീജ സന്ദേശത്തിൽ പറയുന്നത്.
വ്യത്യസ്ത മതവിഭാഗത്തിൽ നിന്നുള്ള 200 ഓളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. അതേസമയം സംഭവം വിവാദമായതോടെ അധ്യാപികയുടെ തലയിൽ കെട്ടിവച്ച് തടിയൂരാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. ഇതിന്റെ ഭാഗമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഒപ്പം ഓണം ആഘോഷിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഒരു അധ്യാപികയ്‌ക്കെതിരെ മാത്രമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. മറ്റ് അധ്യാപകർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.















