ന്യൂഡൽഹി: ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്ന് പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ. രവി, ചെനാബ്, സത് ലജ് തുടങ്ങിയ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പാകിസ്ഥാനെ അറിയിച്ചു. പൂർണമായും നയതന്ത്രവകുപ്പ് വഴിയാണ് വിവരം കൈമാറിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ പാകിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുന്നത്.
ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ചില അണക്കെട്ടുകൾ തുറക്കാൻ സാധ്യതയുണ്ട്. സിന്ധുനദീജല കരാർ കമ്മീഷൻ മുഖാന്തരമാണ് എല്ലാത്തവണയും മുന്നറിയിപ്പ് സന്ദേശം നൽകുക. എന്നാൽ കരാർ റദ്ദാക്കിയതോടെ ഇന്ത്യൻ ഹൈക്കമ്മീഷണൻ വഴി മുന്നറിയിപ്പ് നൽകുകയായിരുന്നു. താവി നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നദിയുടെ പരിസരപ്രദേശത്തുള്ള ആളുകൾക്കും മുന്നറിയിപ്പ് നൽകി.
ജമ്മുകശ്മീരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മുവിലെ പ്രധാന അണക്കെട്ടുകൾ നിറഞ്ഞു. നദികളും അരുവികളും കരകവിഞ്ഞൊഴുകി.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ 33 പേരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് വൻ തോതിൽ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.















