എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ ഒളിവിൽ. നടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ലക്ഷ്മി മേനോൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചു. മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു. ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളായ അനീഷ്, മിഥുൻ, സോനമോൾ എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു സംഭവം. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ മർദ്ദിച്ചതായും പരാതിയുണ്ട്. അതേസമയം, അറസ്റ്റിലായ യുവതിയുടെ പരാതിയിൽ യുവാവിനെതിരെയും കേസെടുത്തു. രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നാലെ യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു.
ഐടി ജീവനക്കാരനായ പരാതിക്കാരൻ മദ്യക്കുപ്പി എറിഞ്ഞ് പരിക്കേൽപ്പിച്ചതായി അറസ്റ്റിലായ സോനമോൾ പൊലീസിനോട് പറഞ്ഞു. ലക്ഷ്മി മേനോനും സംഘവും യുവാവിന്റെ വാഹനം തടയുന്നകയും വാക്കുതർക്കമുണ്ടാക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.















