വാഷിംഗ്ടൺ: അമേരിക്കയിൽ തമിഴകത്തെ വിശ്വാസികൾക്കായി ക്ഷേത്രമൊരുങ്ങുന്നു. തമിഴ് ഭക്തർക്ക് വേണ്ടി മാരിയമ്മൻ ക്ഷേത്രമാണ് നിർമിക്കുന്നത്. ടെക്സസിലാണ് ക്ഷേത്രം ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിവനം സ്വദേശികളായ പരാക്രം- സരസ്വതി ദമ്പതികളാണ് ഈ സുപ്രധാന നീക്കത്തിന് പിന്നിൽ.
ടെക്സസിലെ തവകോണി തടാകത്തിന് സമീപത്തായുള്ള 10 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമിക്കുക. വിഗ്രഹങ്ങൾ കൊത്തിയെടുക്കാൻ ക്ഷേത്രവാസ്തുവിദ്യയിൽ പ്രമാണിയായ സെൽവനാഥ സ്ഥപതിയെയാണ് ദമ്പതികൾ ബന്ധപ്പെട്ടത്. വിദേശത്ത് നിർമിക്കുന്ന ക്ഷേത്രത്തിന് വേണ്ടി മാരിയമ്മൻ വിഗ്രഹം കൊത്തിയെടുക്കാനുള്ള അവസരം ആദ്യമായാണ് തനിക്ക് ലഭിക്കുന്നതെന്ന് സെൽവനാഥ പ്രതികരിച്ചു.
മാരിയമ്മൻ വിഗ്രഹത്തോടൊപ്പം മറ്റ് നിരവധി ദേവതകളെയും ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും. ക്ഷേത്രത്തിന് സമീപത്തുള്ള തവകോണി തടാകം പാരമ്പര്യം വിളിച്ചോതുന്നു. മാരിയമ്മനെ ആരാധിക്കുന്നത് ആരോഗ്യം, സമൃദ്ധി, രോഗശാന്തി എന്നിവ ഉറപ്പാക്കുന്നു. ക്ഷേത്രം തമിഴ് സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ദമ്പതികൾ പറഞ്ഞു.















