തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. പെൺകുട്ടികളെ ശല്യം ചെയ്തതിനാണ് രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളിൽ നിന്നും നേരിട്ട് പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ പരാതികൾ ലഭിക്കാത്തത് കാരണം കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച് കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. ഡിജിപിക്കും വിവിധ സ്റ്റേഷനുകളിലും ലഭിച്ച പരാതികളും പരിശോധിച്ചുവരികയാണ്. രാഹുലിനെതിരെ നിരവധി ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നെങ്കിലും നേരിട്ട് പരാതി ലഭിച്ചിരുന്നില്ല.
ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. കൂടാതെ രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ, സ്ത്രീകളുടെ ആരോപണം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് രാഹുലിന്റെ വാദം.















