റായ്പൂർ: ഛത്തീസ്ഗഢിൽ 81 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട 30 കമ്യൂണിസ്റ്റ് ഭീകരർ ആയുധം വച്ച് കീഴടങ്ങി. ഇതോടെ ബസ്തറിലെ ബീജാപൂർ ജില്ലയിൽ 2025 ൽ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 300 കവിഞ്ഞു. മാവോയിസ്റ്റുകളെ മുഖ്യാധാരയിലേക്ക് കൊണ്ടുവരാനായി കേന്ദ്രസർക്കാർ നടപ്പാക്കിയ ‘പൂന മാർഗേം’ പദ്ധതി പ്രകാരമാണ് സംഘം കീഴടങ്ങിയത്.
മാവോയിസ്റ്റ് നേതാവ് സോനു ഹെംല എന്ന കരോട്ടിയും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ഇയാളുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപ സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന 50,000 രൂപ വീതം അടിയന്തര ധനസഹായം വിതരണം ചെയ്തു. കൂടാതെ സംസ്ഥാന പുനരധിവാസ പദ്ധതിയുടെ ആനുകൂല്യങ്ങളും നൽകി.
2026 മാർച്ചോടെ രാജ്യത്ത് നിന്നും ചുവപ്പ് ഭീകര ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പദ്ധതികളും ഓപ്പറേഷനുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രവും സംസ്ഥാനവും. ഛത്തീസ്ഗഢിൽ 2024 ജനുവരി മുതൽ ഇതുവരെ 1500-ലധികം മാവോയിസ്റ്റുകൾ പൊലീസിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. ഇതേ കാലയളവിൽ നക്സൽ ബാധിത പ്രദേശമായ ബസ്തറിൽ നടന്ന വിവിധ ഓപ്പറേഷനുകളിൽ 400-ലധികം മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിക്കുകയും ചെയ്തു.















