ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാൾ വഴി ബിഹാറിലേക്ക് കടന്നതായാണ് വിവരം. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകുകയും പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ജെയ്ഷെ മുഹമ്മദ് ഭീകരരായ മൂന്ന് പേരാണ് ബിഹാറിലേക്ക് കടന്നത്. റാവൽപിണ്ടി സ്വദേശികളായ ഹസ്നൈൻ അലി, ആദിൽ ഹുസൈൻ, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം. ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടെ പൊലീസ് പങ്കുവച്ചു.
ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഭീകരർ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. തുടർന്ന് ഇവിടെ നിന്ന് കഴിഞ്ഞയാഴ്ച ബിഹാറിലേക്ക് പ്രവേശിച്ചതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. സംശയിക്കുന്ന ആളുകളുടെ പാസ്പോർട്ട് രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ശക്തമായ പരിശോധന നടത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. അതിർത്തി പ്രദേശങ്ങളായ മധുബാനി, സീതാമർഹി, സുപോൾ, അരാരിയ എന്നിവിടങ്ങളിലും കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.















