തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം വെറും രാഷ്‌ട്രീയ പരിപാടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പസംഗമത്തെ രാഷ്‌ട്രീയമായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആരെ വിഡ്ഢിയാക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തനിക്കെതിരേ ഉന്നയിച്ച വിമർശനങ്ങൾക്കും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.
ഇത് രാഷ്‌ട്രീയമല്ലെങ്കിൽ ദേവസ്വം ബോർഡ് ചെയർമാനല്ലേ ചെന്നൈയിൽ പോകേണ്ടത്. എന്തിനാണ് മന്ത്രി പോയത്. എന്തിന് വേണ്ടിയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കുന്നത്. സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പ ഭക്തനായതെന്നും അദ്ദേഹം ചോദിച്ചു
തെരഞ്ഞടുപ്പിന് നാലുമാസം മാത്രം ബാക്കി നിൽക്കേയുള്ള രാഷ്‌ട്രീയ പരിപാടിയാണിത്. ജനങ്ങളും ഇതിനെ രാഷ്‌ട്രീയ പരിപാടി ആയാണ് കാണുന്നത്. പത്ത് വർഷമായി ശബരിമലയിലെ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല. ആ ദേവസ്വം ബോർഡാണ് ഇപ്പോൾ അയ്യപ്പസംഗമം നടത്തുന്നത്.
ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും ഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രിയും അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നത് ഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്. സർക്കാർ പരിപാടിയല്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി ഇതിനെ കുറിച്ച് സംസാരിക്കുന്നത്. മുഖ്യമന്ത്രി ജനങ്ങളെ വിഢ്ഡിയാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ദൈവ വിശ്വാസിയല്ല, നാസ്തികനാണ്. അയ്യപ്പഭക്തരുടെ വിശ്വാസത്തെ മാനിക്കുന്ന പരിപാടിയാണെങ്കിൽ സ്റ്റാലിനെയും ഡിഎംകെയും വിളിക്കരുത്. ഭക്തരുടെ വിശ്വാസിയല്ലാത്ത, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചു. രാജീവ് ചന്ദ്രശേഖർ ചോദിച്ചു.















