ലക്നൗ : വൃദ്ധയുടെ മാലപ്പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ സാഹസികമായി പിടികൂടി യുപി പൊലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഓഗസ്റ്റ് 23-നാണ് വൃദ്ധയുടെ മാലപ്പൊട്ടിച്ച് പ്രതികൾ കടന്നുകളഞ്ഞത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ വീണ്ടും സമാനകുറ്റം ചെയ്യുകയായിരുന്നു. തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് കാലിന് വെടിയേറ്റത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിവ് പട്രോളിംഗിനിടെയാണ് പ്രതികൾ പൊലീസിന്റെ മുന്നിൽ എത്തിയത്. ബൈക്കിൽ പോവുകയായിരുന്ന ഇവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും പ്രതികൾ കേട്ടില്ല. തുടർന്ന് പിന്തുടർന്നെത്തിയ പൊലീസ് വാഹനത്തിന് കുറുകെ നിർത്തി യുവാക്കളെ പിടികൂടുകയായിരുന്നു.
ഇവരുടെ കൈവശത്ത് നിന്ന് പണവും മോഷ്ടിച്ച ബൈക്കും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ പിസ്റ്റളും ലൈവ് കാട്രിഡ്ജുകളും പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സാധനങ്ങൾ മോഷ്ടിച്ച് മറിച്ച് വിൽക്കാറുണ്ടെന്ന് ഇരുവരും വെളിപ്പെടുത്തി.















