തിരുവനന്തപുരം : വിവാദമായ മുട്ടിൽ മരം മുറി കേസിൽ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു.
മുട്ടിൽ മരം മുറി കേസിന്റെ കുറ്റപത്രത്തിൽ വെള്ളം ചേർത്ത് കേസന്വേഷണം അട്ടിമറിച്ചെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആരോപിച്ചു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് തെറ്റായ ഉത്തരവിറക്കി മരം മുറിക്കലിനെ കൂട്ടു നിൽക്കുകയായിരുന്നു. ജയതിലകിന്റേത് തെറ്റായ ഉത്തരവാണ് എന്ന് മനസ്സിലാക്കിയിട്ടും അന്നത്തെ വയനാട് ജില്ലാ കളക്ടർ ആയിരുന്ന ഡോക്ടർ അദീല അബ്ദുല്ല, അക്കാര്യം മറച്ചുവെച്ച് മരം മുറിക്കലിന് കൂട്ടുനിന്നുവെന്നും കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു.
“അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ സർക്കാർ ഉത്തരവ് വായിച്ചു കഴിഞ്ഞാൽ സാധാരണക്കാരായ ആർക്കും വീട്ടി മരങ്ങൾ ഉൾപ്പെടെയുള്ളവ മുറിക്കാം, ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും റിസർവ് മരങ്ങൾ പോലും മുറിക്കാം, എന്ന് ആരും വായിച്ച മനസ്സിലാക്കി പോകും. ആ രീതിയിലാണ് ജയതിലക് ഉത്തരവിറക്കിയത്.
24 – 10 – 2020 ന് ജയതിലക് ഇറക്കിയ ഉത്തരവിൽ പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ആക്ട് എടുത്ത് പറയുന്നുണ്ടെങ്കിലും, ആ നിയമത്തിന്റെ കാതലായ ഭാഗമായ റിസർവ് മരങ്ങൾ മുറിക്കരുത് എന്നത് ഉൾപ്പെടുത്തുന്ന പ്രോവൈസൊ ക്ലോസ് ഉൾപ്പെടുത്തിയിരുന്നില്ല. അത് എടുത്തു മാറ്റി വച്ചിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്. അതുകൊണ്ട് ആ ഉത്തരവ് വായിച്ചു കഴിഞ്ഞാൽ മരം മുറിക്കാം എന്നാകും. അത് എന്തുകൊണ്ട് റവന്യൂ സെക്രട്ടറി അങ്ങനെ ചെയ്തു എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.
ഇതുകൂടാതെ ആ ഉത്തരവിന്റെ അടിഭാഗത്ത് എടുത്തു പറഞ്ഞിരിക്കുന്നു, ഇപ്രകാരമുള്ള മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പോ പോലീസ് ആരും തടസ്സപ്പെടുത്താൻ പാടില്ല, അങ്ങനെ ആരെങ്കിലും തടസ്സപ്പെടുത്തിയാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്നും എഴുതിച്ചേർത്തു.
ആ ഉത്തരവ് വായിച്ചുകഴിഞ്ഞാൽ അന്നിരുന്ന റവന്യൂ സെക്രട്ടറിയുടെ ഒരു അറിവും ഇൻവോൾമെന്റ് വ്യക്തമാണ്, അന്നിരുന്ന റവന്യൂ സെക്രട്ടറി അതായത് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് ഈ ഉത്തരവ്, അത് തെറ്റാണെന്ന് ബോധ്യത്തോടെ കൂടിയാണ്, അദ്ദേഹം തന്നെ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.” ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു
“അന്ന് വയനാട് ജില്ലാ കളക്ടർ ആയിരുന്ന ഡോക്ടർ അദീല അബ്ദുല്ലയെ ഈ ഉത്തരവുമായി റോജി അഗസ്റ്റിനും സഹോദരനും കൂടി സന്ദർശിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം മരങ്ങൾ മുറിക്കാമോ എന്ന് അവരോട് ചോദിച്ചിരുന്നു. ഈ ഉത്തരവ് നിയമപരമല്ല എന്ന് അദീല അബ്ദുല്ല മനസ്സിലാക്കിയിരുന്നതായിട്ടാണ് കരുതേണ്ടത്.
ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയുടെ ഉത്തരവിനെ അവഗണിച്ചുകൊണ്ടാണ് ഇപ്രകാരം മരം മുറിക്കാൻ അനുമതി കൊടുത്തത്. ഇത് കോടതി ലക്ഷത്തിന്റെ സ്വഭാവമുള്ള ഉത്തരവാണ്.”ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു
ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് താൻ എഡിജിപിക്ക് കത്ത് എഴുതിയെന്നും, എന്നാൽ ഇതിനെ തുടർന്ന് തന്നെ പബ്ലിക് പ്രോസിക്യൂട്ട് സ്ഥാനത്തുനിന്ന് നീക്കാൻ ചെയ്യാനുള്ള നടപടിയാണ് ഉണ്ടായിരുന്നതെന്നും ജോസഫ് മാത്യു പറഞ്ഞു. എന്നാൽ ഈ സമയം വരെ തന്നെ പ്രോസിക്യൂട്ട് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. പക്ഷേ മുട്ടിൽ മരം മുറി കേസുമായിട്ടുള്ള മറ്റു വിവരങ്ങളൊന്നും തന്നോട് പറയുകയോ ചർച്ച ചെയ്യുകയോ സംഘത്തിൽ തന്നെ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും ജോസഫ് മാത്യു പറഞ്ഞു.
സ്വതന്ത്ര ഏജൻസി അന്വേഷിച്ച് നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരാതെ, കുറ്റവാളികളെ ശിക്ഷിക്കാൻ നിലവിലെ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് ആവില്ല. മനപ്പൂർവ്വം കേസ് അട്ടിമറിച്ചതാണെന്നും ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു.















