ഹൈദരാബാദ്: കോൺഗ്രസ് റാലിയിൽ പ്രധാനമന്ത്രി മോദിക്കും അമ്മയ്‌ക്കുമെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി വിമർശിച്ചു.പ്രസംഗത്തിൽ മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ വിമർശനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഒവൈസി, അന്തസ്സിന്റെ പരിധി ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.
“എതിർക്കാം, വിമർശിക്കാം, എത്ര വേണമെങ്കിലും അപലപിക്കാം. എന്നാൽ മാന്യതയുടെ അതിരുകൾ ലംഘിച്ചാൽ അത് തെറ്റാണ്. ചർച്ച അശ്ലീലമായി മാറും. പ്രധാനമന്ത്രിയെ വിമർശിക്കൂ, പക്ഷേ അസഭ്യമായ ഭാഷയിൽ വിമർശിക്കരുത്,” അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ദർഭംഗയിൽ ഇൻഡി സഖ്യം നടത്തിയ ‘വോട്ടർ അധികാർ യാത്ര’യിലാണ് അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായത്.
അതേസമയം, അധിക്ഷേപകരമായ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പട്‌നയിലെ ബിജെപി പ്രവർത്തകർ കോൺഗ്രസിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ഇരുവിഭാഗത്തിനും പരിക്കേൽക്കുകയും ചെയ്തു.















