ന്യൂഡൽഹി: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷബയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ജാപ്പനിലെത്തിയത്.
ജാപ്പനീസ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ബിസിനസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ ധാരണാപത്രങ്ങളിൽ ഇരുവരും ഒപ്പുവച്ചു. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസിന്റെ പ്രതികാര നടപടിക്ക് പിന്നാലെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം.
ഇന്ത്യയിൽ 7500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ ഉറപ്പുനൽകി. ജപ്പാന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് ഇന്ത്യൻ വിപണി ഏറെ സഹായകരമായിരിക്കുമെന്നും മോദിയുമായുള്ള ചർച്ചകൾക്ക് ശേഷം ജാപ്പനീസ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ടോക്കിയോയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ജാപ്പനീസ് സമൂഹം ഒരുക്കിയിരുന്നത്. മോദിയെ വരവേൽക്കാൻ ഇന്ത്യൻ സമൂഹവും എത്തിയിരുന്നു. ഇന്ത്യൻ സംസ്കാരം അടയാളപ്പെടുത്തുന്ന നിരവധി കലാവിഷ്കാരങ്ങളും പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നാളെ ചൈനയിലേക്ക് തിരിക്കും.















