ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ആറ് പേർ മരിക്കുകയും 11-ലധികം പേരെ കാണാതാവുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മേഘവിസ്ഫോടനമുണ്ടായി. മണ്ണിടിച്ചിലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർ കുടുങ്ങിപോവുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 23-നുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെയാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൻ തോതിൽ പ്രകൃതിദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചമോലി, രുദ്രപ്രയാദ്, തെഹ്രി, ബാഗേശ്വർ എന്നിവിടങ്ങളിലും വൻ തോതിൽ ദുരന്തങ്ങൾ ബാധിച്ചു. അപകടമേഖലകളിൽ ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനകളെ വിന്യസിച്ചിട്ടുണ്ട്.
രുദ്രപ്രയാഗിലുണ്ടായ തുടർച്ചയായ മഴയിലും മണ്ണിടിച്ചിലിലും ഗ്രാമങ്ങളിൽ വൻനാശനഷ്ടമുണ്ടായി. മൂന്ന് മേഘവിസ്ഫോടനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിവരികയാണ്. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ കൂടുതൽ എൻഡിആർഎഫ്- എസ്‍ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു.















