ശ്രീനഗർ: നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് പിന്നിലെ ഭീകരൻ സമന്ദർ ചാച എന്ന ബഗു ഖാനെ വധിച്ച് സുരക്ഷാസേന. കശ്മീരിലെ നൗഷേരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ബഗു ഖാൻ കൊല്ലപ്പെട്ടത്. പാക് അധീന കശ്മീർ ആസ്ഥാനമായാണ് ബഗു ഖാൻ പ്രവർത്തിച്ചിരുന്നത്. ഏറ്റുമുട്ടലിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരനും കൊല്ലപ്പെട്ടു.
അതിർത്തി പ്രദേശം വഴി നുഴഞ്ഞുകയറ്റശ്രമങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിരുന്നു. പ്രദേശത്തെ വിജനമായ വഴികളെ കുറിച്ചും ദുർഘടമായ സ്ഥലങ്ങളെ കുറിച്ചും ബഗു ഖാന് വ്യക്തമായി അറിയാമായിരുന്നു. ഇത് നുഴഞ്ഞുകയറ്റത്തിന് ഗൂഢാലോചന നടത്താൻ ഇയാളെ സഹായിച്ചിരുന്നു.
മുൻ ഹിസ്ബുൾ കമാൻഡറായിരുന്നു ബഗു ഖാൻ. നിയന്ത്രണരേഖയിലെ ഗുരേസിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നും നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിന്റെയും നടപ്പിലാക്കുന്നതിന്റെയും മുഖ്യസൂത്രധാരനും വർഷങ്ങളോളം സുരക്ഷാസേനയുടെ നോട്ടപ്പുള്ളിയുമായിരുന്നു ഇയാൾ.















