ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഇടപ്പോൺ പറ്റൂർ മംഗലപ്പള്ളിയിൽ മുരളീധരൻ (53) ആണ് മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആന ഹരിപ്പാട് സ്‌കന്ദനാണ് പാപ്പാനെ ആക്രമിച്ചത്. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ആനയുടെ പാപ്പാനാണ് മുരളീധരൻ.
ഇന്നലെ വൈകീട്ട് ഹരിപ്പാടാണ് സംഭവം. മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദനെ തളയ്‌ക്കാൻ എത്തിയതായിരുന്നു മുരളീധരൻ.
മദപ്പാടിലായിരുന്ന ആന രണ്ടുപേരെയാണ് ആക്രമിച്ചത്. ആനയെ അഴിക്കുന്നതിനിടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ ആയിരുന്നു ആദ്യം കുത്തിയത്. ഗുരുതരമായി പരുക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴയിട്ട് കുത്തുകയായിരുന്നു.ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.ഇതിനുശേഷം ആനയെ തളയ്‌ക്കുകയുംചെയ്തിരുന്നു.
ആദ്യ പാപ്പാന് പകരമായി മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ നിന്ന് വന്നതാണ് മുരളീധരനും കൂടുതല്‍ പാപ്പാന്മാരും. ഇവർ ചേർന്ന് ആനത്തറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹരിപ്പാട് സ്‌കന്ദന്‍ വീണ്ടും അക്രമാസക്തനായി. മുകളിലിരുന്ന മുരളീധരനെ സമാനരീതിയില്‍ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയെ മദപ്പാടിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചു മാറ്റുന്നതിനിടെയാണ് പാപ്പാനെ കുത്തിയത്.















