റായ്പൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ കൊലവിളി പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്.
ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് ‘അമിത്ഷായുടെ തലവെട്ടി മേശപ്പുറത്ത് വെയ്‌ക്കുകയാണ് ആദ്യം ചെയ്യേണ്ടതെ’ന്ന മഹുവ നടത്തിയ പരാമര്‍ശത്തിനെതിരേയാണ് കേസ്. പ്രദേശവാസിയായ ഗോപാല്‍ സാമന്തോ എന്നയാൾ ഛത്തീസ്ഗഢിലെ മാന പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) 196-ാം വകുപ്പ് (മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197-ാം വകുപ്പ് (ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ ആരോപണങ്ങള്‍) എന്നിവയാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഈ പ്രസ്താവന നടത്തിയത്.















