കൊല്ലം: ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരെയാണ് സൈബർ തട്ടിപ്പ് സംഘം കബളിപ്പിച്ചത്. കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണു പ്രദീപ് എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ചിത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
വാട്സ് ആപ്പ് നമ്പർ ഉപയോഗിച്ച് കൊല്ലം റൂറൽ പൊലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ അയച്ചു. 40,000 രൂപയാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഉടൻ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഡൽഹിയിലെ സോൺഗേറ്റിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മറ്റ് തട്ടിപ്പുകേസുകളുമായി ഈ സംഘത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.















