തൃശൂർ : സ്കൂളിലെ ഓണാഘോഷത്തിനെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപികമാർക്ക് പിന്തുണയുമായി എസ്ഡിപിഐ.
ഓണത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കരുതെന്ന അധ്യാപികമാരുടെ സന്ദേശത്തിൽ വർഗീയ ചേരിതിരിവില്ലെന്നാണ് എസ്ഡിപിയുടെ കണ്ടെത്തൽ. സ്കൂളിനും അധ്യാപികമാർക്കും പൂർണ്ണ പിന്തുണ നൽകുമെന്നും എസ്ഡിപിഐ വ്യക്തമാക്കിയിട്ടുണ്ട്.ഭരണഘടന അനുശാസിക്കുന്ന പരിധിയിൽകൂടുതൽ ഒന്നും തന്നെ അദ്ധ്യാപികമാരടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും, ഇവർക്കെതിരെ പോലീസ് കേസ് എടുത്തത് പുന:പരിശോധിക്കണമെന്നും അദ്ധ്യാപികമാരുടെ വീടു സന്ദർശിച്ച എസ്.ഡി. പി. ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാഫി താഴിത്തേതിൽ പറഞ്ഞു.
എസ് ഡി പി ഐ തൃശൂർ ജില്ലാ ഫേസ്‌ബുക്ക് പേജിൽ ഇത് സംബന്ധിച്ച വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂർ പെരുമ്പിലാവ് സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികമാരാണ് ഓണം ഹിന്ദുക്കളുടേതാണെന്നും ഇസ്ലാം മത വിശ്വാസികൾ ആഘോഷിക്കേണ്ടന്നും സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം നൽകിയത്. സംഭവം വിവാദമായതോടെ അധ്യാപികമാരായ ഖദീജ, ഹക്സ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.















