കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു. 2,500 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരിതബാധിതർക്ക് എല്ലാ മാനുഷിക സഹായങ്ങളും ആശ്വാസവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തിൽ ഞായറാഴ്ച രാത്രിയാണ് 8 കിലോമീറ്റർ താഴ്ചയിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. 20 മിനിറ്റിനുശേഷം അതേ പ്രദേശത്ത് 4.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂകമ്പം ഉണ്ടായി. കുനാർ പ്രവിശ്യയിലെ മൂന്ന് ഗ്രാമങ്ങളെ ഭൂകമ്പം പൂർണ്ണമായും നശിപ്പിച്ചു. ഇതുവരെ 800 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. 2,500 ൽ അധികം പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
ഭൂകമ്പം വാർത്താവിനിമയ ബന്ധങ്ങളെ വഷളാക്കി. റോഡുകൾ തടസ്സപ്പെട്ടതിനാൽ രക്ഷപ്പെട്ടവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് നാലോ അഞ്ചോ മണിക്കൂർ നടക്കേണ്ടി വന്നിരുന്നു . പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നംഗർഹാർ വിമാനത്താവളത്തിൽ നിന്നും ഡസൻ കണക്കിന് വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട്.
തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാകിസ്ഥാന്റെ ചില ഭാഗങ്ങളിലും ഞായറാഴ്ച രാത്രിയിലെ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി. “അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ നാശം വിതച്ച ഭൂകമ്പം അഗാധമായ ദുഃഖം ഉളവാക്കുന്ന കാര്യമാണ്. ആ രാജ്യത്തെ ജനങ്ങളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഇരകൾക്ക് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും ആശ്വാസവും നൽകാൻ ഇന്ത്യ തയ്യാറാണ്” എന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.















