കാലടി: യുവഭാരതം കെട്ടിപ്പടുക്കുന്നതിനും അവശ്യം വേണ്ടുന്ന ശക്തിയും ധൈര്യവും ഉത്തേജനവും നല്‍കുന്ന മഹദ്ഗ്രന്ഥമാണ് ഭഗവദ്ഗീതയെന്ന് തേജസ്വി സൂര്യ എംപി. കൃത്രിമബുദ്ധിയുടെ കൈകളിലേക്ക് മനുഷ്യജീവിതം പറിച്ചു നടപ്പെടുന്ന ഭാവികാലത്തിന്റെ ഭീഷണികളെ അതിജീവിക്കുന്നതിനും ഗീത കൂടിയേതീരൂ. കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തത്ത്വശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനുമടക്കം എല്ലാ വൈജ്ഞാനിക മേഖലകള്‍ക്കും വളരാന്‍ വേണ്ടുന്ന ഗവേഷണ ധീഷണയെ പരിപോഷിപ്പിക്കുന്നതിന് ഗീതാ സന്ദേശത്തെ പ്രചരിപ്പിക്കേണ്ടത് സമൂഹത്തിന്റെ കര്‍ത്തവ്യമാണ്. യുവാക്കളിലേക്കാണ് ഗീതാസന്ദേശങ്ങളുടെ പ്രവാഹത്തെ വഴി തിരിച്ചെത്തിക്കേണ്ടത്. ലോകത്തിന് പുരോഗതിയും നന്മയും ചെയ്ത എല്ലാ മഹാത്മാക്കളുടെയും കര്‍മ്മയോഗത്തിന്റെ സ്രോതസ് ഭഗവദ്ഗീതയായിരുന്നു. കരുത്തുറ്റ ഒരു യുവഭാരതം നിര്‍മ്മിക്കുകയെന്ന ബൃഹത്തായ ലക്ഷ്യത്തിലാണ് ഓരോ ഭാരതീയനും പ്രവര്‍ത്തിക്കുന്നത്. ആ പ്രവൃത്തി ലക്ഷ്യത്തിലെത്താന്‍ ഫലത്തെപ്പറ്റി ആശങ്കപ്പെടാതെ സ്വധര്‍മ്മം അനുഷ്ഠിക്കുക എന്ന ഗീതാസന്ദേശത്തെ അടുത്തറിയേണ്ടതുണ്ട്. യുവതയെ ബാധിക്കുന്ന ദൗര്‍ബല്യങ്ങളെ പരിഹരിക്കുവാന്‍ അവരിലെ യഥാര്‍ത്ഥശക്തിയെ കാട്ടിക്കൊടുക്കുവാനുതകുന്ന അനൗപചാരിക വിദ്യാഭ്യാസം ഭാരതത്തിന് ഇന്ന് അത്യാവശ്യമാണ്. ജീവിതം ഇത്രമേല്‍ ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ഉദാത്തമായ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുകയും ചെയ്ത് ‘അമൃതത്ത്വത്തിന്റെ പുത്രന്മാരെ’ എന്ന് യുവതയെ വിളിച്ചുണര്‍ത്തുന്ന ഉപനിഷദ്‌സാരസര്‍വ്വസ്വമായ ഭഗവദ്ഗീതയല്ലാതെ യുവഭാരതസിദ്ധിക്കായി വേറൊരു മന്ത്രമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ കെ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, തപസ്യ ജില്ലാ സെക്രട്ടറി കെ.വി.രാജീവ്, മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി, ശ്രീശാരദാ സൈനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപാ ചന്ദ്രന്‍, ഭാരതീയവിചാരകേന്ദ്രം പൊതു കാര്യദര്‍ശി. കെ.സി.സുധീര്‍ ബാബു. ഗീതാസ്വാദ്ധ്യായസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ രാമന്‍ കീഴന, ഗീതായനം ജനറല്‍ കണ്‍വീനര്‍ ഡോ. ഹരികൃഷ്ണശര്‍മ്മ കെ.എന്‍. എന്നിവര്‍ സംസാരിച്ചു.















