മനാമ: ബഹ്റൈനിൽ പീഡനം അനുഭവിച്ച മലയാളി യുവതി നാട്ടിലേക്ക് മടങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കേരളത്തിൽ നിന്നും ബഹ്റൈനിലേക്ക് വീട്ടുജോലിക്കായി എത്തിയ മലയാളി യുവതിക്കാണ് പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നത്. സുരേഷ് ഗോപിയുടെ ദ്രുതഗതിയിലുള്ള ഇടപെടലും മനാമയിലെ ഇന്ത്യൻ എംബസിയുടെ ഏകോപിത നടപടികളും യുവതിയെ സുരക്ഷിതമായി നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാൻ സഹായിച്ചു.
എറണാകുളം സ്വദേശിയായ പ്രഭ എന്ന യുവതിയുടെ ദുരന്തകഥ, വിദേശത്ത് ജോലി തേടി പോകുന്നവർക്ക് ഒരു മുന്നറിയിപ്പും, നയതന്ത്ര ഇടപെടലിന്റെ ശക്തിയെ ഓർമിപ്പിക്കുന്ന ഒരു പ്രതീക്ഷാകിരണവുമാണ്. ജൂണിലാണ് പ്രഭ വീട്ടുജോലിക്കായി പോയത്. മെച്ചപ്പെട്ട ജീവിതത്തിന്റെ സ്വപ്നങ്ങളുമായാണ് യാത്ര തിരിച്ചത്. എന്നാൽ, അവിടെ എത്തിയ ശേഷം അവർ കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാവുകയായിരുന്നു.
ഭക്ഷണം പോലും ലഭിക്കാതെ ശരീരഭാരം ഇരുപതുകിലോ വരെ കുറഞ്ഞ അവസ്ഥയിലായിരുന്നു. തന്റെ ദുരവസ്ഥയെക്കുറിച്ച് വിവരങ്ങൾ പുറത്തെത്തിച്ച പ്രഭയുടെ ശബ്ദം, ഒടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ എത്തിയതോടെ രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ചുവടുവെപ്പ് ആരംഭിച്ചു.
സുരേഷ് ഗോപി, ഒരു മന്ത്രി എന്ന നിലയിൽ മാത്രമല്ല, മനുഷ്യത്വത്തിന്റെ പ്രതിനിധിയായാണ് ഈ സംഭവത്തിൽ ഇടപെട്ടത്. അദ്ദേഹം ഉടൻ തന്നെ മനാമയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പ്രഭയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ബഹ്റൈൻ അധികൃതരുമായി അടുത്ത സഹകരണത്തോടെ പ്രവർത്തിച്ച എംബസി ഉദ്യോഗസ്ഥർ, പ്രഭയെ വേഗത്തിൽ കണ്ടെത്തുകയും അവർക്ക് ആവശ്യമായ മാനസികവും ശാരീരികവുമായ പിന്തുണയും നൽകി . ഇതിനായി സാമൂഹ്യ പ്രവർത്തകരായ സന്തോഷ് , സുരേഷ് , അമൽ ഓ കെ തുടങ്ങിയവർ ഇന്ത്യൻ എംബിബിസിയുമായി ചേർന്ന് പ്രവർത്തിച്ചു
ഈ രക്ഷാപ്രവർത്തനത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് സാമൂഹിക പ്രവർത്തകൻ അമൽദേവ് ഒ.കെ. നന്ദി അറിയിച്ചു. “ഇന്ത്യൻ എംബസിയുടെ അചഞ്ചലമായ പിന്തുണയും, ബഹ്റൈൻ അധികൃതരുടെ സഹകരണവും, സുരേഷ് ഗോപിയുടെ സമയബന്ധിതമായ ഇടപെടലും പ്രഭയുടെ ജീവിതം തിരികെ നൽകി,” . വിദേശത്ത് ജോലി തേടുന്നവർ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം യാത്ര ചെയ്യണമെന്നും, ഇന്ത്യൻ എംബസി അല്ലെങ്കിൽ നോർക്ക പോലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.













