കൊച്ചി: ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഗമം നടത്തിപ്പിൽ സുതാര്യത കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഗമം ആരാണ് നടത്തുന്നതെന്ന് ചോദിച്ച കോടതി സ്പോൺസർഷിപ്പിലൂടെ പരിപാടി നടത്തുന്നത് ഞെട്ടിക്കുന്നതെന്നും പറഞ്ഞു.
പരിപാടിയുടെ സാമ്പത്തിക ചെലവുകളും, ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനാണ് സംഗമം നടത്തുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അജീഷ് കളത്തിപറമ്പിൽ എന്ന അഭിഭാഷകനാണ് പൊതു താൽപ്പര്യ ഹർജി ഫയൽ ചെയ്തത്. ആഗോള അയ്യപ്പ ഭക്തസംഗമം എന്ന പേരിൽ നടത്തുന്ന പരിപാടി ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സംസ്ഥാന സർക്കാർ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു.
ആരാണ് പരിപാടിയുടെ സംഘാടകൻ എന്നാണ് ഹർജി പരിഗണിക്കവേ കോടതിയുടെ ആദ്യ ചോദ്യം. ദേവസ്വം ബോർഡ് എന്നായിരുന്നു സർക്കാരിന്റെ മറുപടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്. മതനിരപേക്ഷത ഊട്ടിയുറപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും സർക്കാർ വിശദീകരിക്കുന്നു.
മറ്റ് നിരവധി ക്ഷേത്രങ്ങളുണ്ടല്ലോ എന്തു കൊണ്ട് ശബരിമലയെന്നും കോടതി ചോദിച്ചു. എന്നാൽ ഇതിന് കൃത്യമായ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. സ്പോൺസർഷിപ്പിന്റെയും പ്രിവിലേജ് കാർഡുകളുടെയും വിവരങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു. ഹർജി വീണ്ടും അടുത്താഴ്ച വീണ്ടും പരിഗണിക്കും.















