ചെന്നൈ: വനിത കൗൺസിലറുടെ കാലിൽ വീഴാൻ ദളിത് മുൻസിപ്പൽ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട് ഡിഎംകെ കൗൺസിലർമാർ. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. ദളിത് മുൻസിപ്പൽ ഉദ്യോഗസ്ഥനാണ് ഡിഎംകെ കൗൺസിലറായ രമ്യയുടെ കാലിൽ വീണത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥനായ മുനിയപ്പന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
വനിത കൗൺസിലറുടെ മുന്നിൽ മുട്ടുകുത്തിനിൽക്കാൻ മറ്റ് ഡിഎംകെ കൗൺസിലർമാർ തന്നോട് ആവശ്യപ്പെട്ടതായി മുനിയപ്പൻ പരാതിയിൽ ആരോപിച്ചു. 56 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. ജൂനിയർ അസിസ്റ്റന്റായ മുനിയപ്പനാണ് രമ്യയുടെ കാലിൽ വീഴ്ന്നത്. എന്നാൽ വീഡിയോ വിവാദമായതോടെ പരാതിയിൽ നിന്നും തടിതപ്പാനുള്ള വഴികളാണ് ഡിഎംകെ കൗൺസിലർമാർ നോക്കുന്നത്.
പരാതി നൽകിയതിന് ശേഷം താൻ സ്വയം കാലിൽ വീണതാണെന്ന് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ രമ്യയ്‌ക്കും മറ്റ് കൗൺസിലർമാർക്കുമെതിരെ എസ് സി, എസ്ടി നിയമപ്രകാരം കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ എല്ലാ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. മറ്റ് കൗൺസിലർമാരുടെ മൊഴി രേഖപ്പെടുത്തും. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.















