ന്യൂഡൽഹി: യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ചർച്ചകൾക്കായി സെലൻസ്കി മോസ്കോയിലേക്ക് വരട്ടെയെന്ന് പുടിൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ നടന്ന എസ് സി ഒ ഉച്ചകോടിക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിനും ശേഷം ബീജിംഗിലെ വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
റഷ്യ- യുക്രെയിൻ സംഘർഷത്തിൽ സമാധാനപരമായ കരാറിൽ എത്തിയില്ലെങ്കിൽ യുക്രെയിനിൽ പോരാട്ടം തുടരും. വലിയ തുരങ്കത്തിന്റെ മറുവശത്ത് വെളിച്ചമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സാഹചര്യം എങ്ങനെയാകുമെന്ന് നോക്കാം. അതല്ലെങ്കിൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും സൈനികമായി തന്നെ പരിഹരിക്കേണ്ടിവരുമെന്നും പുടിൻ പറഞ്ഞു.
റഷ്യയും യുക്രെയിനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് പുടിന്റെ പരാമർശം.















