ന്യൂഡൽഹി: ജിഎസ്ടിയിൽ സമഗ്ര മാറ്റം വരുത്തി ജിഎസ്ടി കൗൺസിൽ. ജിഎസ്ടി നിരക്കിലെ ഇളവുകൾക്ക് അംഗീകാരം നൽകികൊണ്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം. ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
നിത്യോപയോഗ സാധനങ്ങളായ 175 ഉത്പന്നങ്ങളുടെ വില കുറയാൻ സാധ്യതയുള്ള തീരുമാനമാണ് മോദി സർക്കാർ കൈക്കൊണ്ടത്. വസ്ത്രങ്ങൾ, ചെരുപ്പുകൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ് എന്നിവയുടെ വില കുറയും. പനീർ, നെയ്യ്, ചപ്പാത്തി തുടങ്ങിയവയ്‌ക്ക് നികുതിയില്ല. നിത്യോപയോഗ സാധനങ്ങൾ പലതിനും അഞ്ച് ശതമാനമാണ് ജിഎസ്ടി ഏർപ്പെടുത്തിയത്.
ജിഎസ്ടി കുറയ്‌ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് പാലിച്ചുവെന്ന് നിർമലാസീതാരമൻ പറഞ്ഞു. നാല് സ്ലാബുകളിലായി ഉണ്ടായിരുന്ന ജിഎസ്ടി ഇപ്പോൾ രണ്ട് സ്ലാബുകളിലായി ചുരുക്കാനുള്ള തീരുമാനമാണിത്. അഞ്ച് ശതമാനവും 18 ശതമാനവുമുള്ള രണ്ട് സ്ലാബുകളാണ് ഇനി ഉണ്ടായിരിക്കുക.
സോസ്, പാസ്ത, ന്യൂഡിൽസ്, ചോക്ലേറ്റ്, കോഫി എന്നിവയ്‌ക്കെല്ലാം അഞ്ച് ശതമാനം മാത്രം ജിഎസ്ടി ഉണ്ടായിരിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ജിഎസ്ടി കുറഞ്ഞിട്ടുണ്ട്. ടിവി, വാഷിംഗ് മെഷീൻ,സോളാർ കുക്കർ, സോളാർ വാട്ടർ ഹീറ്റർ എന്നിവയും മോട്ടോർ സൈക്കിൾ, ചെറിയ കാറുകൾ. മാർബിൾ, ഗ്രാനൈറ്റ് എന്നിവയ്‌ക്കും ജിഎസ്ടി കുറയും. രാസവളം, കീടനാശിനി എന്നിവയ്‌ക്കും വില കുറയും. 32 ഇഞ്ച് വരെ ടിവികൾക്ക് ജിഎസ്ടി 18 ശതമാനമായിരിക്കും.
ജിഎസ്ടിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ജീവിതചെലവ് കുറയ്‌ക്കുന്ന സുപ്രധാന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.















