ബെംഗളൂരു : മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാൻ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ന്യായീകരിച്ചു കൊണ്ട് കർണാടക
മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്‍താവനയെ ബിജെപി നേതാവ് ആർ അശോക ചോദ്യം ചെയ്തു.
മഞ്ഞള്‍, കുങ്കുമം, പൂക്കള്‍ എന്നിവ ധരിച്ച് മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യാന്‍ വന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തു വന്നത്.
“അവർ മുസ്ലീം സമുദായത്തിൽ പെട്ടവരാണ്. അവരുടെ മതത്തിൽ അത്തരം കാര്യങ്ങൾ (മഞ്ഞള്‍, കുങ്കുമം, പൂക്കള്‍ എന്നിവ ധരിക്കൽ) ചെയ്യാൻ കഴിയുമോ? മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളോട് കുങ്കുമം പുരട്ടാനും, നാദ ഹബ്ബയിൽ പങ്കെടുക്കാൻ വേണ്ടി ഹിന്ദുവാകാനും നിങ്ങൾക്ക് എങ്ങനെ ആവശ്യപ്പെടാൻ കഴിയും?” സിദ്ധരാമയ്യ ചോദിച്ചു. തുടർന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെ ബിജെപി ശക്തമായി വിമർശിച്ചത്.
“അതെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ദസറ ഉദ്ഘാടനം ചെയ്യുന്ന ഒരാൾക്ക് നെറ്റിയിൽ കുങ്കുമം ഇല്ലെങ്കിലും, ഹിന്ദുമതത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും, ഹിന്ദു ദേവതകളോടുള്ള ഭക്തി ഇല്ലെങ്കിലും പ്രശ്നമില്ല. . എന്നാൽ ഇഫ്താർ പാർട്ടിക്ക് പോകുന്നവർ തലയിൽ മുസ്ലീം തൊപ്പി ധരിച്ചില്ലെങ്കിൽ ബിരിയാണി അവരുടെ തൊണ്ടയിൽ ഇറങ്ങില്ലല്ലോ, അല്ലേ?”സിദ്ധരാമയ്യയുടെ പ്രസ്താവനയോട് പരിഹാസത്തോടെ പ്രതികരിച്ചുകൊണ്ട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് പറഞ്ഞു.















