കോയമ്പത്തൂർ: ഡ്യൂട്ടിയിലായിരുന്ന പോസ്റ്റ്മാനെ കാട്ടാന ആക്രമിച്ചു കൊന്നു. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തിനടുത്തുള്ള വിലമരത്തൂരിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നെല്ലിത്തുറൈ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ഒ. സുബ്ബയ്യൻ (59 ) ആണ് കൊല്ലപ്പെട്ടത്.
കിൽത്തെങ്ങല്ലൂരിലെ ആദിവാസി മേഖലയിൽ പോസ്റ്റ് എത്തിക്കാൻ പോകുമ്പോഴാണ് ദാരുണമായ സംഭവം.
സാധാരണയായി സുബ്ബയ്യൻ വിലമരത്തൂരിൽ നിന്ന് ഭവാനി നദിയിലൂടെ ഒരു മണിക്കൂർ കാൽനടയായി യാത്ര ചെയ്ത് കിൽത്തെങ്ങല്ലൂരിൽ പോസ്റ്റ് എത്തിക്കുകയായിരുന്നു പതിവ് . കിൽത്തെങ്ങല്ലൂരിലെ ആദിവാസികൾ മേട്ടുപ്പാളയം വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉച്ചയ്‌ക്ക് 12 മണി വരെ സുബ്ബയ്യൻ എത്തിയിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. വനംവകുപ്പ് സംഘവും ഏതാനും ആദിവാസികളും സുബ്ബയ്യൻ പതിവായി സഞ്ചരിച്ചിരുന്ന വഴിയിലൂടെ നടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സുബ്ബയ്യന്റെ മൃതദേഹം ആദിവാസികളുടെ സഹായത്തോടെ ഒരു ഡോളിയിൽ 500 മീറ്റർ കൊണ്ടുപോയ ശേഷം ആംബുലൻസിൽ പോസ്റ്റ്‌മോർട്ടത്തിനായി മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.















