കാസർകോട്: മകൾക്ക് നേരെ അച്ഛന്റെ ആഡിഡ് ആക്രമണം. കർണ്ണാടക കരിക്കെ സ്വദേശി മനോജ് (48) ആണ് 17 കാരിയായ മകളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ചത്. ബന്ധുവായ പത്തുവയസുകാരിയുടെ ദേഹത്തും ഇയാൾ ആഡിസ് ഒഴിച്ചു.
കാസർകോട് പനത്തടി പാറക്കടവിൽ വെള്ളിയാഴ്ചയാണ് സംഭവം. സ്ഥിരം മദ്യപാനിയാണ് മനോജ്. ഇതിന്റെ പേരിൽ മനോജും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കുറച്ചുകാലമായി ഭാര്യയും മകളും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസിച്ചത്. ഈ വീട്ടിൽ അതിക്രമിച്ച് കയറിയാണ് മനോജ് ആസിഡ് ആക്രമണം നടത്തിയത്. റബ്ബർ പാലിന് ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് ഇയാൾ മകൾക്കും 10 വയസ്സുകാരിക്കും നേരെ ഒഴിച്ചത്. 17 കാരിയുടെ കൈകാലുകൾക്കാണ് പൊള്ളലേറ്റിരിക്കുന്നത്. പത്ത് വയസുകാരിയുടെ മുഖത്താണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
രാജപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. കൊലപാതകശ്രമം, അതിക്രമിച്ച് കയറൽ, ആസിഡ് ആക്രമണം തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.















