ന്യൂഡൽഹി: ഇന്ത്യ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമായതോടെ വീണ്ടും മലക്കം മറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ നേതാവും മഹാനായ മനുഷ്യനുമാണ്. മോദിയുമായി നല്ല ബന്ധമാണുള്ളത്.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ മാത്രമാണ് ഇന്ത്യയുമായുള്ള എതിർപ്പ്. ഇന്ത്യയുമായി സവിശേഷമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്നലെ നടത്തിയ പ്രതികരണത്തിന്റെ നേരേ വിപരീതമായാണ് പുതിയ പ്രസ്താവന.
കഴിഞ്ഞ ദിവസം മോദിയുടെയും ഷീ ജിൻ പിങിന്റെയും ഫോട്ടോകൾ പങ്കുവച്ച് കൊണ്ടുള്ള ട്രംപിന്റെ തരംതാണ നിറഞ്ഞ പ്രസ്താവനയ്‌ക്ക് കടുത്ത ഭാഷയിലാണ് ഇന്ത്യ മറുപടി നൽകിയത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യ ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മലക്കം മറിച്ചിൽ. തെറ്റിദ്ധാരണജനകവും വസ്തുതാ വിരുദ്ധവുമായ പ്രസ്താവനയാണ് അമേരിക്ക നടത്തുന്നത്. ഒരു അമേരിക്കൻ പ്രസിഡന്റും ഇന്ത്യയ്‌ക്കെതിരെ നടത്താത്ത തരത്തിലുള്ള പരാമർശങ്ങളാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇന്ത്യ ഊന്നിപ്പറഞ്ഞിരുന്നു.
ദിനംപ്രതിയുള്ള നിലപാട് മാറ്റം കൊണ്ട് ട്രംപ് ലോകരാജ്യങ്ങൾക്ക് മുന്നിൽ അപഹാസ്യനാകുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ എന്നോ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് എപ്പോഴും തയ്യാറാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് പറഞ്ഞു. അന്താരാഷ്‌ട്ര പങ്കാളികൾക്കിടയിൽ ഇടയ്‌ക്കിടെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്നും ഡൊണാൾഡ് ട്രംപ് പറയുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും ഇന്ത്യയുടെ നിലപാട് സുശക്തം വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ ഒന്നടങ്കം ഒറ്റ നിലപാടുമായി മുന്നോട്ട് പോകുമ്പോൾ അമേരിക്കയിൽ സർവ്വത്ര ആശയക്കുഴപ്പമാണ്. ട്രംപിന്റെ മയപ്പെടുത്തിയ പ്രസ്താവനയ്‌ക്ക് പിന്നാവെ യുഎസ് വാണിജ്യ സെക്രട്ടറിയുടെ നിലപാട് മറ്റൊന്നായിരുന്നു. ഇത് വിരൽ ചൂണ്ടുന്നത് ട്രംപ് ടീമിനുള്ളിൽ കടുത്ത ആശയക്കുഴപ്പത്തിലേക്കും അഭിപ്രായ ഭിന്നതയിലേക്കുമാണ്. ഇന്ത്യയുമായുള്ള ബന്ധത്തിൽ വീഴ്‌ത്തിയ വിള്ളൽ ട്രംപ് ഭരണകൂടത്തെ രണ്ട് ചേരികളിലാക്കിയിട്ടുണ്ട്.















