തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രൂരമായ മർദ്ദനം നേരിടേണ്ടിവന്ന സംഭവം വിവാദമായതിന് പിന്നാലെ സമാന അനുഭവം പങ്കുവച്ച് സിപിഎം പ്രവർത്തകനും. കഴിഞ്ഞ നാലാം തീയതി നടന്ന പൊലീസ് അതിക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് സിപിഐ നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി തുറന്നുപറഞ്ഞത്. കൊല്ലം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറിയാണ് താൻ നേരിട്ട ക്രൂരമർദ്ദനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കണ്ണനല്ലൂർ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം.
ഒരു കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനായാണ് സ്റ്റേഷനിൽ എത്തിയതെന്നും എന്നാൽ കാര്യം കേൾക്കുക പോലും ചെയ്യാതെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഉപദ്രവിച്ചുവെന്നും പോസ്റ്റിൽ പറയുന്നു. സജീവ് വായനശാല എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നത്.
“ഞാൻ സിപിഐ നെടുമ്പന നോർത്ത് സെക്രട്ടറിയാണ്. കണ്ണനല്ലൂർ സ്റ്റേഷനിൽ വൈകുന്നേരം ഒരു കേസിന്റെ മദ്ധ്യസ്ഥയുടെ കാര്യം സിഐയോട് സംസാരിക്കാൻ വന്നു. ഒരു കാര്യവും ഇല്ലാതെ കണ്ണനല്ലൂർ സിഐ എന്നെ ഉപദ്രവിച്ചു. ഞാൻ ഈ ഇടുന്നത് പാർട്ടിവിരുദ്ധ പോസ്റ്റല്ല. എന്റെ അനുഭവമാണ് പറഞ്ഞത്. ഇതിന്റെ പേരിൽ എന്നെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്താൽ ഒരു കുഴപ്പവുമില്ല”- എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന് താഴെ നിരവധി ആളുകളാണ് വിമർശിച്ചും അനുകൂലിച്ചും അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. പോസ്റ്റിടാതെ നിയമനടപടി സ്വീകരിക്കാൻ ചിലർ പറയുന്നുണ്ട്. “പൊലീസിനെ സംരക്ഷിക്കുന്നത് നമ്മുടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെയാണ്. പിണറായിയുടെ ഭരണക്കാലം തുടങ്ങിയത് മുതൽ ഇതാണ് നടക്കുന്നത്. സിപിഎമ്മുകാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. കേരളത്തിലെ പൊലീസ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ആരും നിയന്ത്രിക്കാൻ ഇല്ലാത്ത ഒരു ക്രിമിനൽ സംഘമായി മാറിയിരിക്കുന്നുവെന്നും” കമന്റിൽ പറയുന്നു.















