കൊല്ലം: ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം എന്നിവരാണ് മരിച്ചത്. ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ വടക്കേ പ്ലാറ്റ്ഫോമിന് സമീപത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു മൃതദേഹം.
കോയമ്പത്തൂരിൽ ജോലി ചെയ്യുകയായിരുന്ന ശ്യാം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ഇതിനിടെയുണ്ടായ വഴക്കിൽ ഭാര്യയെയും മകനെയും ശ്യാം മർദ്ദിച്ചു. ഇവർ പൊലീസ് സ്റ്റേഷനിൽ വിളിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും ഇവരോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പറയുകയും ചെയ്തു. രാവിലെ വീട്ടിൽ നിന്നിറങ്ങിയ ശ്യാമും അമ്മയും സ്റ്റേഷനിൽ എത്തിയിരുന്നില്ല. വിളിച്ചപ്പോൾ തങ്ങൾ ഒരു സ്ഥലം വരെ പോകുകയാണെന്നാണ് പറഞ്ഞത്. ശേഷം ഇവരെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ശ്യാം കോയമ്പത്തൂരിലേക്ക് താമസം മാറിയത്.















