തിരുവനന്തപുരം: യുവാവിനെ കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കുന്നംകുളം എസ് ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവം വീണ്ടും വിവാദമായ സാഹചര്യത്തിലാണ് നടപടി.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ് നേതാവായ സുജിത്തിന് ക്രൂരമർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
കോടതിയിൽ വിചാരണ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സർവീസിൽ തുടരാൻ അർഹനല്ലെന്ന് ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.















