അഹമ്മദാബാദ്: 2300 കോടിയുടെ വാതുവെപ്പ് തട്ടിപ്പ് കേസിലെ പ്രതിയെ യുഎഇയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു. ഗുജറാത്ത് സ്വദേശി ഹർഷിദ് ബാബുലാൽ ജെയ്നിനെയാണ് ഇന്ത്യയിൽ എത്തിച്ചത്. അഹമ്മദബാദ് വിമാനത്താവളത്തിൽ വച്ച് പ്രതിയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി.
കള്ളപ്പണ ഇടപാട്, നികുതി വെട്ടിപ്പ്, ഓൺലൈൻ ചൂതുകളി തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയാണ് ഹർഷിദ് ബാബുലാൽ. 2023 മാർച്ചിൽ ഗുജറാത്ത് പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇയാൾ രാജ്യം വിട്ടത്. 2023 ഓഗസ്റ്റ് 9-ന് ഇന്റർപോൾ പ്രതിക്കെതിരെ റെഡ് നോട്ടീസ് ഇറക്കിയത്.
ഇന്ത്യയിലെയും യുഎഇയിലെയും വിവിധ ഏജൻസികളുടെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടി ഇന്ത്യയിൽ എത്തിച്ചത്. ഇന്ത്യയിൽ കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടന്ന കൂടുതൽ പ്രതികളെ വരുന്ന ദിവസങ്ങിൽ തിരികെ കൊണ്ടുവരുമെന്ന് സിബിഐ വക്താവ് അറിയിച്ചു.
ഇന്ത്യയിൽ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നവർക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ ആഴ്ച വിദേശത്ത് നിന്ന് എത്തിക്കുന്ന രണ്ടാമത്തെ പ്രതിയാണ് ഹർഷിദ് ബാബുലാൽ ജെയ്ൻ. കംബോഡിയയിൽ നിന്നും കൊണ്ടവന്ന ഗുണ്ടാതലവൻ മെയിൻപാൽ ബദ്‌ലിയെയാണ് ആദ്യത്തേത്. ഈ വർഷം ഇതുവരെ 25-പ്രതികളെയാണ് ഇത്തരത്തിൽ കൊണ്ടുവന്നത്.















