ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്ക് എതിരെ ബിജെപി. ദേശീയ ചിഹ്നത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് ഒമർ അബ്ദുള്ള നടത്തിയതെന്ന് ബിജെപി ദേശീയ വക്താവ് സുദാംശു ത്രിവേദി വിമർശിച്ചു.
ദേശീയ അടയാളങ്ങളോട് കോൺഗ്രസും സഖ്യകക്ഷികളും അടങ്ങുന്ന ഇൻഡി സഖ്യത്തിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ് ജമ്മുകശ്മീർ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. ഹസ്രത്ത് ബാൽ ദർഗയിൽ സ്ഥാപിച്ച ശിലാഫലകത്തിൽ എന്തിന് അശോകസ്തംഭം ഉൾപ്പെടുത്തി എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രസ്താവന. ഇസ്ലാമിസ്റ്റുകളെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ഒമർ അബ്ദുള്ളയുടെ വാക്കുകൾ.
പൊതുഖജാനാവിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ദർഗയുടെ നവീകരണം നടത്തിയത്. ജമ്മുകശ്മീർ വഖ്ഫ് ബോർഡാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പിന്നാലെ ചട്ടപ്രകാരമുള്ള ഉദ്ഘാടന ഫലകം അവിടെ സ്ഥാപിക്കുകയായിരുന്നു. ഫലകത്തിന്റെ ഒരു കോണിൽ അശോകസ്തംഭവും മറ്റൊരു കോണിൽ വഖ്ഫ് ബോർഡിന്റെ മുദ്രയുമാണ് പതിപ്പിച്ചിരുന്നത്. ഇതാണ് തീവ്ര ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്.
ഇസ്ലാമിസ്റ്റുകൾ സംഘടിതമായി എത്തി ഫലകത്തിലുണ്ടായിരുന്ന അശോകസ്തംഭം കല്ലുകൊണ്ട് തകർക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം ചെയ്തികളെ അംഗീകരിക്കാൻ കഴിയില്ലെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.















