തിരുവനന്തപുരം: പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് കലാപക്കേസെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച് നടത്തും. നാളെ രാവിലെ പത്ത് മണിക്ക് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കാണ് ബിജെപി മാർച്ച് നടത്തുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മാർച്ച് ഉദ്ഘാടനം ചെയ്യും.
പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് സൈനികർക്കും ദേശഭക്തർക്കുമെതിരെയാണ് കലാപത്തിന് കേസെടുത്തത്. ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രപരിസരത്തിട്ട പൂക്കളമാണ് കേസിന് ആധാരം. പൂക്കളത്തിന് പുറത്തായി ഓപ്പറേഷൻ സിന്ദൂറെന്ന് എഴുതിയിരുന്നു. ഇതാണ് സിപിഎം ക്ഷേത്ര ഭരണസമിതിയെ ചൊടിപ്പിച്ചത്.

സംഭവത്തിൽ കലാപശ്രമം ആരോപിച്ച് 25 പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ ഇതിനെതിരെ മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പൂക്കളം ഒരുക്കിയതിൽ കേസെടുത്ത നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യാക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യദ്രോഹപരവും ലജ്ജാകരവുമായ എഫ്ഐആർ ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം രക്തം കൊടുത്ത് രാജ്യത്തെ സംരക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിന്റെ നടപടിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















