സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അതിന്റെ പുറകെ താൻ പോകാറില്ലെന്ന് മോഹൻലാൽ. പറയാനുള്ളവർ പറഞ്ഞോട്ടെ. ഇതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് നഷ്ടങ്ങളൊന്നുമില്ല. വായിക്കുന്നവർക്ക് ഒരു രസമുണ്ടായിരിക്കും. ഒരു കാര്യം ആരെങ്കിലും പറഞ്ഞാൽ സത്യമാണെങ്കിൽ മാത്രം അതിന്റെ പുറകെ പോയാൽ മതി. അത്രയും സമയം വേറെ പല കാര്യങ്ങൾക്കും ഉപയോഗിക്കാമെന്നും മോഹൻലാൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
വിജയിക്കാത്ത സിനിമകളും ഹിറ്റ് സിനിമകളും എല്ലാ സംവിധായകന്മാർക്കുമുണ്ടാകാറുണ്ട്. അതിനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല. അത് എന്നെ ബാധിക്കാറില്ല. ഒരുപാട് ഫ്ലോപ് സിനിമകൾ ഉണ്ടാകാറുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളും ഉണ്ടാകുന്നു. അത് ഏതൊരു നടനുമുള്ള കാര്യങ്ങൾ തന്നെയാണ്.
ഹോളിവുഡിലെ തന്നെ എത്രയോ വലിയ സിനിമകളൊക്കെ പരാജയപ്പെട്ടുപോകുന്നു. ഹിന്ദി സിനിമയായാലും തമിഴ് സിനിമയായലും പരാജയപ്പെടുന്നു. നമ്മൾ തുടർച്ചയായി സിനിമ ചെയ്യുന്നത് കൊണ്ടായിരിക്കും ഒന്നും തോന്നാത്തത്. അവർ ഒരു സിനിമ ചെയ്ത് ഒരു വർഷം കഴിഞ്ഞായിരിക്കും അടുത്ത സിനിമ ചെയ്യുക. അതുകൊണ്ട് അവരെ അത് കൂടുതൽ ബാധിക്കും.
ഇത് മാത്രമല്ല, എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെയാണ്. സിനിമ മോശമാകുന്നത് തങ്ങളുടെ മാത്രം തെറ്റ് കൊണ്ടായിരിക്കില്ലല്ലോ. ഒരു നടൻ അഭിനയിച്ചതുകൊണ്ട് ആ സിനിമ മോശമായി പോയി എന്ന് പറയാൻ കഴിയില്ലെന്നും മോഹൻലാൽ പറഞ്ഞു.















