കോഴിക്കോട്: ബഹുഭാര്യത്വത്തെയും ശൈശവ വിവാഹത്തെയും എതിർക്കുന്നവർ കാണിക്കുന്നത് കാപട്യമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പൊതുപ്രവർത്തകർക്കെതിരെ സമസ്ത നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ്വി നടത്തിയ അധിക്ഷേപ പരാമർശത്തെ പിന്തുണച്ചു കൊണ്ടായിരുന്നു കൂടത്തായിയുടെ പ്രതികരണം.
ബഹാഉദ്ദീൻ നദ്വി പറഞ്ഞത് ഞങ്ങളുടെ നിലപാടാണ്. ബഹുഭാര്യത്വത്തെ എതിർക്കുന്നവരിൽ എംഎൽഎമാരും മന്ത്രിമാരും എംപിമാരുമുണ്ട്. അവരിൽ പലർക്കും അഡ്ജസ്റ്റ് അല്ലെങ്കിൽ സ്റ്റെപ്പിനി ഭാര്യമാരുണ്ട്. കാൾ മാർക്സിന് ബഹുഭാര്യത്വം ഉണ്ടായിരുന്നു. 1853 ലാണ് അദ്ദേഹം മരണപ്പെട്ടത്. ജെന്നിയും ഹെന്നനയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിത പങ്കാളികൾ. ഒരാൾ ഭാര്യയും മറ്റേയാൾ സ്റ്റെപ്പിനിയുമായിരുന്നു. സ്വഭാവികമായും അതെല്ലാം അഡ്ജറ്റ്മെന്റുകളാണ്. ബഹുഭാര്യത്വം ചിത്തയായ സ്വഭാവമല്ല. ബഹുഭാര്യത്വം അനിവാര്യമായ കാര്യമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് ബഹാഉദ്ദീൻ നദ്വിയുടെ പരാമർശം. ‘ നമ്മുടെ നാട്ടിൽ കുറേ മാന്യൻമാരുണ്ട്. അതിൽ ഉദ്യോഗസ്ഥൻമാരും എംഎൽഎമാരും മന്ത്രിമാരും എംപിമാരുമുണ്ട്. അവർക്കൊക്കെ ഒരു ഭാര്യമാരെയുണ്ടാകൂ. ഇൻ ചാർജ് ഭാര്യമാർ വേറെയുണ്ടാകും, വൈഫ് ഇൻ ചാർജ് എന്ന പേര് പറയില്ലെന്ന് മാത്രം. ഇങ്ങനെ ഇല്ലാത്തവർ കൈയുയർത്താൻ പറഞ്ഞാൽ സമൂഹത്തിൽ എത്രപേർ കൈ പൊന്തിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ സജീവമായി രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവർത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴാണ് ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത്. 15 നൂറ്റാണ്ട് പിന്നിലേക്കൊന്നും പോകേണ്ട. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ്’, ഇതായിരുന്നു ബഹാഉദ്ദീൻ നദ്വിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം.