കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. സോഷ്യൽ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ എതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. പാർലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറിയ ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ കോലം കത്തിക്കുകയും ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
കാഠ്മണ്ഡുവിലെ പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ജനറേഷൻ ഇസഡ് എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. പലയിടത്തും പ്രതിഷേധം ആക്രമാസക്തമായെന്നും 10 പേർ കൊല്ലപ്പെട്ടെന്നും നേപ്പാളി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സെപ്തംബർ 4 നാണ് നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചത്. ഫേസ്ബുക്ക്, യൂട്യൂബ്, എക്‌സ്, സ്‌നാപ്ചാറ്റ് എന്നിവയുൾപ്പെടെ നേപ്പാളിൽ രജിസ്റ്റർ ചെയ്യാത്ത 26 പ്ലാറ്റ്‌ഫോമുകൾക്കാണ് നിരോധനം. രജിസ്ട്രേഷനുള്ളതിനാൽ ടിക്ക് ടോക്ക് ഇപ്പോഴും രാജ്യത്ത് സജീവമാണ്.
അയൽരാജ്യമായ നേപ്പാളിലെ സ്ഥിതി ഗതികൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. . ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സശസ്ത്ര സീമ ബൽ സേന (എസ്എസ്ബി) നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ കൂടുതൽ സേനാവിന്യാസവും ഉറപ്പാക്കിയിട്ടുണ്ട്.