മട്ടന്നൂർ: മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംച്ചാൽ സ്വദേശി ഖലീൽ റഹ്മാന്റെയും സമീറയുടെയും ഏക മകൾ ഇർഫാന (18)യുടെ മൃതദേഹമാണ് രണ്ടു ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ഇർഫാനയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കുറ്റ്യാടിയിൽ നിന്നും വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെക്ക് ഓണാവധിക്ക് എത്തിയ പെൺകുട്ടി ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
അഗ്നിരക്ഷസേനയും സിവിൽ ഡിഫൻസും ചേർന്ന് പഴശ്ശി പുഴയുടെ ഷട്ടർ അടച്ച് നാട്ടുകാരുടെ സഹായത്തോടെപെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നിർത്തിവച്ച തിരച്ചിൽ ഇന്ന് പുലർച്ചയോടെ വീണ്ടും ആരംഭിച്ചെങ്കിലും വിഫലമായിരുന്നു. ഒടുവിൽ ഏകദേശം സംഭവം നടന്നതിന്റെ ആറ് കിലോമീറ്റർ അപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് . പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.