കൊച്ചി : നടിയുടെ പരാതിയിൽ പിടിയിലായ സംവിധായകൻ സനൽ കുമാർ ശശിധരനെ കൊച്ചിയിൽ എത്തിച്ചു. എളമക്കര പോലീസാണ് സനൽ കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ഇക്കഴിഞ്ഞ ജനുവരിയിൽ നടി നൽകിയ പരാതിയിലാണ് നടപടി.
സനൽകുമാറിനെ നാളെ വിശദമായി ചോദ്യം ചെയ്യും നടിയുടെ പരാതിയിലല്ല പോലീസ് തന്നെ കസ്റ്റഡിയിൽ എടുത്തതെന്ന് സനൽകുമാർ അവകാശപ്പെടുന്നു. പ്രണയിച്ചു എന്ന കുറ്റമേ താൻ ചെയ്തുവുള്ളു എന്നും സംവിധായകൻ പറയുന്നു. പരാതികൾ കെട്ടിച്ചമച്ചതാണെന്നും, രണ്ട് പരാതികളും കൊടുത്തത് നടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങി ജാമ്യമില്ലാ വകുപ്പുകളിലാണ് എളമക്കര പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്. സിറ്റി പൊലീസ് കമീഷണർക്ക് നടി ഇ–മെയിലിൽ അയച്ച പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ഈ കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നു.
നടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് ലുക്ക്‌ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സംവിധായകൻ സനൽകുമാർ ശശിധരനെ ഞായറാഴ്‌ച മുംബൈ വിമാനത്താവളത്തിൽ തടയുകയായിരുന്നു. തുടർന്ന് എളമക്കര പൊലീസ് തിങ്കളാഴ്‌ച മുംബൈയിലെത്തി കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചു.















