കാഠ്മണ്ഡു: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവിലിച്ച് നേപ്പാൾ സർക്കാർ. ‘ജെൻ സി പ്രതിഷേധം’ അക്രമാസക്തമായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ അർദ്ധരാത്രിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞു.
ജെൻ സി പ്രതിഷേധം പാർലമെന്റിലേക്കും വ്യാപിച്ചതോടെയാണ് അടിയന്തര തീരുമാനമുണ്ടായത്. സുരക്ഷ സേന പ്രക്ഷോഭം അടിച്ചമർത്താൻ തുടങ്ങിയതോടെ അക്രമ സംഭവങ്ങളിൽ 19 പേർ മരിച്ചു. 347 പേർക്ക് പരിക്കേറ്റു.
സെപ്തംബർ നാലിനാണ് നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചത്. ഫേസ്ബുക്ക്, യൂട്യൂബ്, എക്സ്, സ്നാപ്ചാറ്റ് എന്നിവയുൾപ്പെടെ ഐടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം കൊണ്ടുവന്നത്. രജിസ്ട്രേഷനുള്ളതിനാൽ ടിക്ക് ടോക്ക്, വൈബർ, പോപോ, ലൈവ് എന്നിവ നിരോധമുണ്ടായില്ല. ഈ പ്ലാറ്റ്ഫോമുകളിലൂടെയാണ് ജെൻ സി പ്രക്ഷോഭത്തിന് ആഹ്വാനമുണ്ടായത്.















