കോഴിക്കോട്: ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് ഒന്നരലക്ഷം തട്ടിയെടുത്ത കേസിൽ ദമ്പതികൾ അടക്കം മൂന്നു പേർ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശിച്ച് അൻസിന, ഭർത്താവ് മുഹമ്മദ് അഫീസ് , മാവേലിക്കര സ്വദേശി ഗൗരിനന്ദ എന്നിവരാണ് പിടിയിലായത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ കോഴിക്കോട് മടവൂരിലെ വീട്ടിലെത്തിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയത്.
ട്രെയിൻ യാത്രയ്‌ക്കിടെയാണ് ഗൗരിനന്ദ ദമ്പതികളെ പരിചയപ്പെട്ടത്. പണം ഉണ്ടാക്കുന്ന വഴികളെ കുറിച്ചുള്ള സംസാരം ഇവരെ വളരെ വേഗം കൂട്ടുകാരാക്കി. തുടർന്ന് ഗൗരിനന്ദ രണ്ടുദിവസം മുൻപ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട അഴിഞ്ഞിലം സ്വദേശിയെ ലക്ഷ്യമാക്കി ഹണി ട്രാപ്പ് പദ്ധതി തയ്യാറാക്കി. യുവാവിനോട് അടുപ്പം സ്ഥാപിച്ച് മടവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു പദ്ധതി ഇട്ടത്.
യുവതിയുടെ സംസാരത്തിൽ സംശയമൊന്നും തോന്നാതിരുന്ന യുവാവ് മടവൂരിലെ വീട്ടിലെത്തിയപ്പോൾ മൂവരും ചേർന്ന് ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ ഫോൺ തട്ടിപ്പറിച്ച് ഗൂഗിൾ പേ വഴി 135,000 രൂപ തട്ടിയെടുത്തു. സുഹൃത്തിന്റെ ഗൂഗിൾ പേ വഴി 10000 കൈവശപ്പെടുത്തി. യുവാവിനെ വിട്ടയച്ചെങ്കിലും ഭീഷണി തുടർന്നു. നഗ്ന ഫോട്ടോകൾ കുടുംബക്കാർക്ക് അയച്ചു നൽകുമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. ഇതോടെ ഗതികെട്ട യുവാവ് കുന്നമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട് നഗരത്തിൽ വച്ചാണ് മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.















