മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്‌ച്ച മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജോമി ജോസഫാണ് സഹനിർമാതാവ്.
വലിയ മുതൽമുടക്കിലും, വൻ താരനിരയുടെ അകമ്പടിയോടെയെത്തുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സുകളായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു. ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചന്റെ , ജീവിത പോരാട്ടത്തിന്റെ കഥയാണ് വരവ് എന്ന ഈ ചിത്രം പറയുന്നത്.
മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൾ, , കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഷാജി കൈലാസിന്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്.ദ്രോണ എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം – എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ് . കലാസംവിധാനം സാബു റാം . മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്. സ്റ്റിൽസ് – ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്. മൂന്നാർ മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. വാഴൂർജോസ്















