ന്യൂഡൽഹി : സംഘർഷ ഭരിതമായ പ്രക്ഷോഭങ്ങൾക്കിടെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു.
സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ ജെൻ സി പ്രക്ഷോഭം ഒടുവിൽ പ്രധാനമന്ത്രിയുടെ രാജി എന്ന ആവശ്യവുമായി കത്തിപ്പടരുകയായിരുന്നു. . ആഭ്യന്തര മന്ത്രി രമേശ് ലേഖകിന്റെ രാജിക്ക് പിന്നാലെ കൃഷി മന്ത്രി, ആരോഗ്യ മന്ത്രി, ടൂറിസം മന്ത്രി തുടങ്ങി 10 മന്ത്രിമാർ സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് വെടിവയ്പ്പിൽ 19 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു.
നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി, വിദേശകാര്യ മന്ത്രി അർജുൻ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏഴ് കാബിനറ്റ് മന്ത്രിമാർ എന്നിവർ നേപ്പാൾ ആർമി ഹെലികോപ്റ്ററുകളിൽ കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ടതായി പറയപ്പെടുന്നു
നിലവിലെ പ്രതിസന്ധിക്ക് ഭരണഘടനാപരമായ പരിഹാരത്തിന് വഴിയൊരുക്കുന്നതിനാണ് താൻ രാജിവച്ചതെന്ന് പ്രധാനമന്ത്രി ഒലി ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
തലസ്ഥാനമായ കാഠ്മണ്ഡുവിലും നേപ്പാളിലുടനീളം രാവിലെ മുതൽ തന്നെ രോഷാകുലമായ പ്രതിഷേധങ്ങൾ നടന്നു.
ഒലിയുടെയും മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെയും വീടുകൾ ഉൾപ്പെടെ നിരവധി ഉന്നത രാഷ്‌ട്രീയക്കാരുടെ വസതികൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. രാഷ്‌ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങളും അക്രമികൾ ലക്ഷ്യമിട്ടിരുന്നു.















