ന്യൂഡൽഹി : നേപ്പാളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ഭാരത വിദേശകാര്യമന്ത്രാലയം പറഞ്ഞു. നേപ്പാളിലെ ഭാരതീയർ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. നേപ്പാളിൽ കുടുങ്ങിയ ഭാരതീയർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം.ഇന്ത്യ – നേപ്പാൾ അതിർത്തികളിൽ സുരക്ഷ കർശനമാക്കി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പശ്ചിമബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ നേപ്പാളിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. നേപ്പാളിൽ ഉള്ളവർ വീടിനുള്ളിൽ തന്നെ തുടരാനും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കാനും പ്രാദേശിക അധികാരികളും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് താഴെ പറയുന്ന ഹെൽപ്പ്ലൈൻ നമ്പറുകളിൽ എംബസിയുമായി ബന്ധപ്പെടാം:
+977–980 860 2881 (വാട്ട്സ്ആപ്പും ഉപയോഗിക്കാം)
+977–981 032 6134 (വാട്ട്സ്ആപ്പും ഉപയോഗിക്കാം)
പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവർക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സംയമനം പാലിച്ച് സമാധാനത്തിന്റെ പാതയിലൂടെ പ്രശ്നങ്ങൾപരിഹരിക്കപ്പെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നേപ്പാളിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് ഭാരതസർക്കാർ രാവിലെ പ്രസ്താവിച്ചിരുന്നു.















