കാഠ്മണ്ഡു: ജെൻ സീ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാളിൽ ഭരണം ഏറ്റെടുത്ത് സൈന്യം. സാമൂഹ മാധ്യമങ്ങളുടെ നിരോധനത്തിനെതിരെ സംഘടിച്ച രാജ്യത്തെ യുവാക്കളുടെ പ്രതിഷേധത്തിന് ഒടുവിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും, പ്രസിഡന്റ് രാമചന്ദ്ര പൗഡലും രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് രാജിവച്ചിട്ടില്ലെന്നാണ് സൈന്യം അറിയിക്കുന്നത്. പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നത് എന്നാണ് സൈന്യം നൽകുന്ന വിശദീകരണം.
പ്രക്ഷോഭക്കാരികൾ പാർലമെൻ്റിനും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾക്ക് തീയിട്ടു. പ്രതിഷേധക്കാർ മുൻ പ്രധാനമന്ത്രി ഝാ ലാനാഥിന്റെ ഭാര്യയെ ചുട്ടുകൊന്നു. കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചു. ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. ഇൻഡിഗോ കാഠ്മണ്ഡു വിമാന സർവീസുകൾ നിർത്തിവച്ചു.
അതിർത്തിയിൽ ഭാരതം കർശന നിരീക്ഷണം ഏർപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിയ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷ സമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. നേപ്പാളിൽ സമാധാനത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിലൂടെ നേപ്പാളി ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
സാമൂഹ മാധ്യമ നിരോധനത്തിന് എതിരെ ആരംഭിച്ച ജെൻ സി പ്രക്ഷോഭം, കലാപത്തിലേക്ക് വഴി മാറിയത് വളരെ പെട്ടന്നായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ പാർലമെന്റും സുപ്രീംകോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പ്രതിഷേധക്കാർ കയ്യേറി. അക്രമങ്ങളിൽ 20 ലധികം പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.















